06:56am 23 July 2026
NEWS
സിദ്ധരാമയ്യയെ കൈവിടാതെ ഹൈക്കമാണ്ട്; മുഖ്യമന്ത്രിക്കുപ്പായത്തിനുള്ളിൽ ഡി കെ ദുർബലനോ..
17/07/2026  11:30 AM IST
വിഷ്ണുമംഗലം കുമാർ
സിദ്ധരാമയ്യയെ കൈവിടാതെ ഹൈക്കമാണ്ട്; മുഖ്യമന്ത്രിക്കുപ്പായത്തിനുള്ളിൽ  ഡി കെ ദുർബലനോ..

ബംഗളുരു : ഒരു പ്രത്യേക സാഹചര്യത്തിൽ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും കർണാടത്തിലെ മുതിർന്ന നേതാവായ സിദ്ധരാമയ്യയെ അവഗണിക്കാൻ കോൺഗ്രസ്സ് ഹൈക്കമാണ്ട്, തെളിച്ചുപറഞ്ഞാൽ രാഹുൽ ഗാന്ധി, തയ്യാറല്ല. എല്ലാവിഭാഗത്തിൽ പെട്ടവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള അസാമാന്യ കഴിവും ഭരണപരമായ പക്വതയും നയചാതുര്യവുമുള്ള അദ്ദേഹം 2028ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ നയിക്കാൻ കൂടിയേ തീരു എന്ന് രാഹുൽ കരുതുന്നു. ഒരു കടപ്പാടിന്റെ പേരിൽ, തുടർച്ചയായുള്ള സമ്മർദ്ദം കാരണം മുഖ്യമന്ത്രിയായി അവരോധിച്ചെങ്കിലും ഡി കെ ശിവകുമാറിന് പൂർണ്ണ സ്വാതന്ത്ര്യം കൊടുക്കാനോ അത്ര വിശ്വാസത്തിലെടുക്കാനോ രാഹുൽ ഒരുക്കമല്ലെന്നുള്ളതിന് തെളിവുകൾ വന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയും മികച്ച സംഘാടകനുമാണെങ്കിലും എടുത്തുചാട്ട സ്വഭാവക്കാരനായ ഡി കെയ്‌ക്ക് ചില പരിമിതികളുണ്ട്. 34 പേർ വേണ്ടിടത്ത് പതിമൂന്ന് മന്ത്രിമാരുമായാണ് ഡി കെ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ മാസം മൂന്നിനാണ് ഡി കെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മാസം ഏതാണ്ട് രണ്ടായിട്ടും മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് രാഹുൽ അപ്പോയിന്റ്മെന്റ് നൽകിയിരുന്നില്ല. ഡി കെയുടെ പല സ്വപ്നപദ്ധതികളും ശക്തമായ എതിർപ്പ് നേരിടുകയാണ്. ഇന്നലെയാണ് ഡി കെയെ കാണാൻ രാഹുൽ കൂട്ടാക്കിയത്. അതും സിദ്ധരാമയ്യ കൂടി വേണം എന്ന നിബന്ധനയോടെ. സിദ്ധരാമയ്യയുടെ അനുമതിയോടെയേ മന്ത്രിസഭാ വികസനം നടത്താവൂ, കഴിവുള്ള യുവാക്കളെ പരിഗണിക്കണം, എല്ലാ വിഭാഗത്തിൽ പെട്ടവർക്കും പ്രാതിനിധ്യം നൽകണം, പുതിയ പിസിസി അധ്യക്ഷൻ ഹരിപ്രസാദ്, കർണാടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺധീപ് സിംഗ് സുർജെ വാല എന്നിവർ നിർബന്ധമായും ചർച്ചയിൽ ഉണ്ടായിരിക്കണമെന്നും രാഹുൽ നിഷ്ക്കർഷക പുലർത്തുന്നുണ്ട്. മാത്രവുമല്ല മന്ത്രിമാരുടെ അന്തിമപ്പട്ടികയ്‌ക്ക് എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ യുടെയും ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും അംഗീകാരം വേണമെന്നും രാഹുലിന് നിർബന്ധമുണ്ട്. ഇന്നലെ ഖാർഗെ ഡൽഹിയിൽ ഉണ്ടായിരുന്നില്ല. വേണുഗോപാൽ കർണാടക നേതാക്കളെ കണ്ടത് പ്രത്യേകമായാണ്. അതിനാൽ മന്ത്രിസഭാ വികസന ചർച്ച വീണ്ടും നടക്കേണ്ടതുണ്ട്. അതിന് ശേഷമേ അന്തിമപ്പട്ടിക തയ്യാറാവുകയുള്ളൂ. മന്ത്രിസഭാ വികസനം അടുത്ത മാസത്തേക്ക് നീണ്ടേക്കാം. അതായത് മുഖ്യമന്ത്രി ഡി കെയ്‌ക്ക് പ്രധാനകാര്യങ്ങൾ സ്വന്തമായി തീരുമാനിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. അതേ സമയം മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം വർധിക്കുകയും ചെയ്യുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിച്ചപ്പോൾ ഉണ്ടായിരുന്ന കരുത്തും സ്വാതന്ത്ര്യവും മുഖ്യമന്ത്രി യായതോടെ ഡി കെയ്‌ക്ക് നഷ്ടമായോ എന്ന സന്ദേഹമാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img